പരവൂർ : പൂർണമായ ബർത്ത് ലഭിക്കാതെ ആർഎസി ടിക്കറ്റിൽ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പകുതിതുക തിരിച്ചുനൽകണമെന്ന് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) ശിപാർശ. ഇതിനായി റെയിൽവേ പ്രത്യേക സംവിധാനമൊരുക്കണം.
പൂർണ ബർത്ത് സൗകര്യമില്ലാതെ പോകുന്നവരിൽനിന്നു മുഴുവൻ റിസർവേഷൻതുകയും ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലന്നും ശിപാർശയിൽ ചൂണ്ടിക്കാട്ടി. ട്രെയിൻ യാത്രാസമയത്തിലെ സമയനിഷ്ഠയെക്കുറിച്ചാണ് സമിതി പരിശോധിച്ചത്.
ആർഎസി വിഭാഗത്തിലാണ് ടിക്കറ്റെങ്കിലും റിസർവേഷൻ സമയത്ത് മുഴുവൻ തുകയും യാത്രക്കാരൻ അടയ്ക്കണം. ഇത് ബർത്തായി കിട്ടിയില്ലെങ്കിൽ മറ്റൊരു യാത്രക്കാരനുമായി സീറ്റ് പങ്കിടേണ്ടിവരും. അങ്ങനെ വരുമ്പോൾ ടിക്കറ്റ് തുകയുടെ പകുതി യാത്രക്കാരന് തിരികെ നൽകണമെന്നാണ് സമിതി റെയിൽവേയോട് ആവശ്യപ്പെടുന്നത്.
സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് നിലവിലുള്ള വേഗമാനദണ്ഡം പഴഞ്ചനാണെന്ന് സമിതി വിലയിരുത്തി. മണിക്കൂറിൽ 55 കിലോമീറ്റർ എന്നതാണ് നിലവിലെ വേഗം. ഇത് പുതിയകാലത്തിന് ചേർന്നതല്ല. ആഗോള മാനദണ്ഡമനുസരിച്ച് സൂപ്പർഫാസ്റ്റിന്റെ വേഗമാനദണ്ഡം പുനഃക്രമീകരിക്കണമെന്നും സമിതി നിർദേശിച്ചു.
2030-ഓടെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം നിശ്ചയിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷൻ മുതൽ അവസാനിക്കുന്നത് വരെയും ഒരേ വേഗം ഉറപ്പാക്കണമെന്നും സമിതി നിർദേശത്തിൽ വ്യക്തമാക്കി.